പേരാമ്പ്രയിലെ പെയ്ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന്മന്ത്രി ടി.പി രാമകൃഷ്ണന്,നിഷേധിച്ച് ഇബ്രാഹിം കുട്ടി
കോഴിക്കോട് : പേരാമ്പ്രയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിംകുട്ടിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയും മന്ത്രിയുമായ ടി.പി രാമകൃഷ്ണന്.
ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് താത്പര്യപ്പെടുന്നില്ല. എതിര്‍സ്ഥാനാര്‍ഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നത്. ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രീതികള്‍വെച്ച് തള്ളിക്കളയാനാകില്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും താന്‍ പരിഗണിക്കുന്നില്ലെന്നും ടി.പി രാമകൃഷ്ണന് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
അതേസമയം തനിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം സിഎച്ച് ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയില്‍ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാന്‍ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ പണം വാങ്ങി സീറ്റ് നല്കുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.