എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവിന് സ്റ്റേ
ന്യൂഡൽഹി: എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്തിനും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്.
എയ്ഡഡ് സ്കൂൾ അധ്യാപകർക്കു മത്സരിക്കാൻ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് അധ്യാപകനും പൊതു പ്രവർത്തകനുമായ സലീം മടവൂരും, എ എൻ അനുരാഗും ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട 1951 ലെ നിയമത്തിന്റെ കൃത്യമായ നിർവചനം അല്ല ഹൈക്കോടതി നടത്തിയത് എന്ന് എ എൻ അനുരാഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ അമിത് കൃഷ്ണനും വാദിച്ചു.
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ കഴിയും. സലീം മടവൂരിന് വേണ്ടി സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ആണ് ഹാജരായത്.