സിപിമ്മിന്റെ കൈത്താങ്ങിൽ പി സി ചാക്കോ രാജ്യസഭയിലേക്ക് , ചെറിയാൻ ഫിലിപ്പും പരിഗണനാ പട്ടികയിൽ , വാർത്തയുമായി കേരള കൗമുദി
തിരുവനന്തപുരം; സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഒരു സീറ്റിൽ അവകാശവാദമുന്നയിക്കാൻ എൻ സി പി നീക്കം. കോൺഗ്രസ് വിട്ടുവന്ന മുതിർന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാകും എൻ സി പി സീറ്റ് ചോദിക്കുക. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.കോൺഗ്രസിൽ നിന്നും രാജിവച്ച പി.സി ചാക്കോ കഴിഞ്ഞദിവസമാണ് എൻ സി പിയിൽ ചേർന്നത്. ഇതിന് തൊട്ടു മുമ്പ് അദ്ദേഹം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹിയിൽ സന്ദർശിച്ചിരുന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നില്ലെങ്കിലും സി പി എം ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം.
ഇന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ചാക്കോയ്ക്ക് എൻ സി പി വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.നാളെ കോങ്ങാട് മണ്ഡലത്തിൽ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം വേദി പങ്കിടും.ശേഷം 14 ജില്ലകളിലും എൽ ഡി ഫിനു വേണ്ടി ചാക്കോ പ്രചാരണത്തിനിറങ്ങും.പാലായ്ക്ക് പകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകുമെന്ന് നേരത്തെ സി പി എമ്മും എൻ സി പിയും തമ്മിൽ ധാരണയുണ്ടായിരുന്നു.എന്നാൽ കാപ്പൻ പാലായ്ക്ക് വേണ്ടി ഉറച്ചുനിന്ന് യു ഡി ഫുമായി അനൗദ്യോഗിക ചർച്ച നടത്തിയതോടെ രാജ്യസഭാ സീറ്റ് നൽകില്ലെന്ന് പിണറായി പ്രഫുൽ പട്ടേലിനെ അറിയിക്കുകയായിരുന്നു. ചാക്കോയെ പോലൊരു ഉന്നത നേതാവ് വന്ന സാഹചര്യത്തിൽ രാജ്യസഭാ സീറ്റിൽ നിന്ന് പിന്നോട്ട് പോകേണ്ടയെന്നാണ് എൻ സി പി നിലപാട്. കോൺഗ്രസിൽ ഉണ്ടായിരുന്ന സമയത്ത് പലതവണ രാജ്യസഭാ സീറ്റിനായി ചാക്കോ ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല.വയലാർ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തിരുമാനം.
ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സി.പി.എം പരിഗണിക്കുന്നത്. ചെറിയാൻ ഫിലിപ്പിനെ രാജ്യസഭാ സീറ്റിലേക്ക് നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് എളമരം കരീമിനെ പാർലമെന്റിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് അവസരം നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന .ചാക്കോയ്ക്കും ചെറിയാൻ ഫിലിപ്പിനും സീറ്റ് ലഭിച്ചാൽ രണ്ട് മുൻ കോൺഗ്രസുകാർ ഇടതുപക്ഷത്തിന്റെ കൈത്താങ്ങിൽ രാജ്യസഭാ എം പിമാരാകും. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകും.