ശബരിമല അടഞ്ഞ അദ്ധ്യായം, പ്രശ്നം ചിലരുടെ മനസിൽ മാത്രം; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ശബരിമല അടഞ്ഞ അദ്ധ്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണെന്നും, പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദമുണ്ടാക്കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അല്ലെന്നും, കോൺഗ്രസാണ് ചർച്ചയാക്കിയതെന്നും കാനം പറഞ്ഞു.അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം, അതാണ് മര്യാദയെന്നും എൻഎസ്എസിന്റെ ചോദ്യത്തിന് കാനം മറുപടി നൽകി.അതേസമയം ബിജെപിയിലേക്ക് സിപിഐ നേതാക്കൾ പോകുന്നത് സ്ഥാനാർത്ഥിത്വം കിട്ടാത്തതിനാലാണെന്നും, ഇത് അവസരവാദ രാഷ്ട്രീയമാണെന്ന് കാനം വിമർശിച്ചു. പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലെന്നും അദ്ദേഹം പറഞ്ഞു.