പിണറായിക്കെതിരെ മത്സരിക്കാനില്ല,വാർത്ത വ്യാജം,ഉണ്ണിത്താന് മറുപടി ഉടൻ കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് താൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന വാർത്ത വ്യാജമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ. മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല.
സി. രഘുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
വാളയാർ പെൺകുട്ടികളുടെ മാതാവിന് പിന്തുണ നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്നാണ് അത് ഉപേക്ഷിച്ചത്.
രാജ്മോഹൻ ഉണ്ണിത്താൻ തനിക്കെതിരെ പറഞ്ഞതിന് മറുപടി ഇപ്പോൾ നൽകുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ. സുധാകരനെന്നും സ്ഥാനാർഥിപ്പട്ടികക്കെതിരെ പറഞ്ഞയാളെ എങ്ങനെ വർക്കിങ് പ്രസിഡന്റായി അംഗീകരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.