വോട്ടര്‍ ഐ ഡി കാര്‍ഡ് കൃത്രിമംമുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാതെരഞ്ഞെടുപ്പ്ഉദ്യോഗസ്ഥരില് നിന്ന് റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം: ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഒരേ മണ്ഡലത്തിൽ ഒരു വ്യക്തി അഞ്ച് തവണ വരെ പേര് ചേർത്തിരിക്കുകയാണ്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ചെന്നിത്തലയുടെ ആരോപണം തള്ളിയ വോട്ടര്‍ താന്‍ കോണ്‍ഗ്രസുകാരിയാണെന്ന് വെളിപ്പെടുത്തി.
ജനുവരി 20 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വ്യാകമായി കള്ളവോട്ട് ചേർത്തിരിക്കുന്നത്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് അഞ്ച് തവണ വരെ ചിലർ പേര് ചേർത്തിരിക്കുന്നത്. ഒരേ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിക്ക് നിരവധി ഐഡി കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടരുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആക്ഷേപം. അതേസമയം, പ്രാദേശിക കോണ്‍ഗ്രസ് നേതത്വമാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതെന്ന് കുമാരി വ്യക്തമാക്കി.
ആറ് മണ്ഡലത്തിലെ തെളിവുകളുമായി പ്രതിപക്ഷ നേതാവ് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകി. നാദാപുരത്ത് 6171 പേരെയും കൂത്തുപറമ്പിൽ 3525 അമ്പലപ്പുഴയിൽ 4750 പേരേയും പലതവണ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കഴക്കൂട്ടത്ത് 4506ഉം കൊല്ലം മണ്ഡലത്തിൽ 2534ഉം തൃക്കരിപ്പൂറിൽ 1436 ഉം പേരെ ഇങ്ങനെ ചേർത്തുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം.