വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; മണിപ്പാല്‍ എഞ്ചി. കോളേജ് കാമ്പസ് കണ്ടെയ്ന്മെന്റ് സോണാക്കി
ഉഡുപ്പി : മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാമ്പസ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കര്‍ണാടക ഉഡുപ്പി ജില്ല ഭരണകൂടത്തിേന്റതാണ് നടപടി.
മാര്‍ച്ച് 11 മുതല്‍ 16 വരെ 59 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മാര്‍ച്ച് 15 വരെ 17 കേസുകളും മാര്‍ച്ച് 16ന് 25 കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക് കാമ്പസ് ഹോസ്റ്റലില്‍നിന്ന് പുറത്തുപോകുന്നതും മറ്റുള്ളവര്‍ക്ക് ഹോസ്റ്റലിലേക്ക് പ്രവേശനവും നിയന്ത്രിച്ചു.
കാമ്പസിലെ വിദ്യാര്‍ഥികളെയാണ് ആദ്യ ഘട്ട പരിശോധനക്ക് വിധേയമാക്കിയത്. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിയറി ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കാനും ലബോറട്ടറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാറ്റിവെക്കാനും എം.ഐ.ടി അധികൃതര്‍ തീരുമാനിച്ചു.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1275 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലുമരണവും സ്ഥിരീകരിച്ചിരുന്നു. ഉഡുപ്പി ജില്ലയില്‍ 42 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.