മഞ്ചേശ്വരത്തെ വോട്ട് കച്ചവടം പൊതുജനം വലിച്ചെറിഞ്ഞ ആരോപണം; രാജഗോപാലിന്റെ പ്രസ്താവന തള്ളി മുല്ലപ്പള്ളി
കോഴിക്കോട് :വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നെന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ വാക്കുകള്‍ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ് രാജഗോപാല്‍ ആവര്‍ത്തിക്കുന്നത്. സിപിഎം-ബിജെപി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ ആര്. ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നു. തുടര്‍ന്നുണ്ടായ വെപ്രാളം മറച്ചുവെക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയപ്പോള്‍ കിട്ടിയ ആരോപണമാണിത്. കേരളീയ സമൂഹം വലിച്ചെറിഞ്ഞ ആരോപണമാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബിജെപിക്കും സംഭവിച്ച ആശയ അപചയമാണ് ഇതിന് കാരണമെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ വോട്ട് മാറി ചെയ്യുന്ന കാലമുണ്ടായിരുന്നെന്നായിരുന്നു രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. വടക്കന്‍ കേരളത്തിലാണ് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിരുന്നത്. ബിജെപിക്ക് കൂടുതല്‍ വോട്ട് നേടാന്‍ സഖ്യം സഹായകമായി. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളില്‍ ഗുണമുണ്ടായെന്നും വ്യക്തമാക്കിയ രാജഗോപാല്‍ ബിജെപി-സിപിഎം ബന്ധം എന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പൊതു ശത്രുവിനെ തോല്‍പ്പിക്കാനുള്ള അഡ്ജസ്റ്റുമെന്റുകളില്‍ തെറ്റില്ല. എന്നാല്‍ സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.