പെർളയിൽ അജ്ഞാത മൃഗത്തിന്റെ ആക്രമണം നാട്ടുകാര്‍ ഭീതിയില്‍: വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഉപേക്ഷിച്ച നിലയില്‍
പെര്‍ള: മണിയംപാറയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന് ചോര കുടിച്ച് രക്ഷപ്പെടുന്ന അജ്ഞാത ജീവി ഭീതി പരത്തുന്നു. മണിയംപാറയിലെ 250 300 മീറ്റര്‍ ചുറ്റളവിലായി 4 വീടുകളിലെ 14 ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. കഴിഞ്ഞ 7ന് പുലര്‍ച്ചെയാണ് അഷ്റഫിന്റെ വീടിനു പുറത്ത് കൂട്ടില്‍ കിടന്ന 3 ആടുകളെ കൊന്ന നിലയില്‍ കണ്ടത്. 2 ദിവസം കഴിഞ്ഞ് 200 മീറ്റര്‍ ദൂരത്തെ കരീമിന്റെ 3 ആടുകളേയും തുടര്‍ന്ന് 2 ദിവസം ഇടവിട്ട് ഹമീദിന്റെ 2 ആടുകളേയും മുനീറിന്റെ 4 ആടുകളേയുമാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. ആടിനെ വളര്‍ത്തി വിറ്റ് ഉപജീവനം നടത്തുന്നവരുടെ ആടുകളേയാണ് കൊന്നത്.
മറ്റുള്ള വീടുകളിലെ ആടുകളെ കൊന്ന നിലയില്‍ കണ്ടതോടെ അസുഖബാധിതനായ മുനീര്‍ താന്‍ വളര്‍ത്തുന്ന ആടുകളെ കഴിഞ്ഞ ദിവസം വില്ക്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആ ദിവസം പുലര്‍ച്ചെ മുനീറിന്റെ 4 ആടുകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 25000 രൂപയോളം വിലവരുന്ന ആടുകളാണ് നഷ്ടമായത്. തിന്നാതെ ഉപേക്ഷിച്ചതിനാല്‍ നായയല്ലെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. നായ കൊന്നതാണെങ്കില്‍ പിന്നീട് വന്ന് തിന്നാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. എല്ലാ ആടുകളേയും കൊന്നുപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യാഗസ്ഥരും വെറ്ററിനറി ഡോക്ടറും സ്ഥലം സന്ദര്‍ശിച്ചു. നായ, ചെന്നായ, കുറുക്കന് എന്നിവ അക്രമിച്ചാലും അടയാളം ഒന്നായിരിക്കുമെന്നും ഇത് ഏതിന്റേതാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും വെറ്ററിനറി ഡോക്ടര്‍ പറഞ്ഞു. മൃഗത്തിന്റെ കാലടയാളം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഏതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. പരിസരത്ത് കൂടെ തെരുവുനായകള്‍ പോകുന്നത് കണ്ടതായി പറയുന്നുണ്ടെങ്കിലും അക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വന്യമൃഗങ്ങള്‍ അക്രമിച്ചാല്‍ വനം വകുപ്പ് നഷ്ട പരിഹാരം നല്‍കും. പക്ഷേ അതിന് ആദ്യം ആക്രമിച്ചത് വന്യമൃഗമാണെന്നു തെളിയിക്കണം.അതിനുള്ള തെളിവ് ലഭിച്ചിട്ടില്ല. കാട്ടുപൂച്ച, മെരുക് എന്നിവയായിരിക്കാമെന്നും അഭിപ്രായമുണ്ട്.