ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, സ്പോൺസർ യു ഡി എഫെന്ന് സിപിഎം
കണ്ണൂര്‍: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക.
വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ.
തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിനു മുമ്പ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു.
തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണ ശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. 13ഉം 9ഉം വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2017ലാണ്.
അതേസമയം വാളയാർ പെൺകുട്ടികളുടെ അമ്മയെ സ്പോൺസർ ചെയ്യുന്നത് യു ഡി എഫ് ആണെന്ന് സിപിഎം പറയുന്നു. വടകരയിലെ കെ കെ രമയുടെ ധർമ്മടം
പതിപ്പാണ് ഇവരെന്നും സിപിഎം പരിഹസിച്ചു.