ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പരാതി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് തെളിവെടുക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസര്‍മാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാസര്‍കോട് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കളക്ടറെ മാറ്റണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പരാതിയില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ഉള്‍പ്പടെ പരിശോധിക്കാനാണ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നിര്‍ദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന ഡിസംബര്‍ 14ന് ആലക്കോട് ചെര്‍ക്കളപ്പാറ ജിഎല്‍പി സ്കൂളില്‍ വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസറായ കെ എം ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. കള്ളവോട്ട് തടയാനായി വോട്ടര്‍മാരുടെ ഐഡി പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബൂത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.