രാജിയില് ഉറച്ച് ബങ്കളം:മന്ത്രി ചന്ദ്രശേഖരനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയില്ല,രാജിയിൽ ഉറച്ച് ബങ്കളം കുഞ്ഞികൃഷ്ണൻ
കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ. എന്നാൽ മടിക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കൺവെൻഷനുകളിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തിരുന്നു.
മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇ.ചന്ദ്രശേഖരൻ എൽ.ഡി.എഫ്. സ്ഥാനാർഥിയായി എത്തിയതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പ് കൺവീനർ സ്ഥാനം രാജിവെച്ചത്.
രണ്ട് തവണ മാത്രം തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നാണ് സി.പി.ഐ. സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. ഇത് അനുസരിച്ച് മന്ത്രി സുനിൽ കുമാറിന് വരെ സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. എന്നാൽ, കാഞ്ഞങ്ങാട് മണ്ഡലത്തിൽ മാത്രം റവന്യു മന്ത്രി കൂടിയായ ഇ.ചന്ദ്രശേഖരൻ മൂന്നാം തവണയും മത്സരത്തിന് ഇറങ്ങുന്നത് പാർട്ടിൽ ഒരു വിഭാഗം പ്രവർത്തകരിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മഹാഭൂരിപക്ഷം വരുന്ന അംഗങ്ങളും സ്ഥാനാർഥിയായി തന്റെ പേരാണ് നിർദേശിച്ചിരുന്നത്. ചുരുങ്ങിയ അംഗങ്ങൾ മാത്രമാണ് പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ, ഈ എതിർപ്പുകൾ മറികടന്നാണ് വീണ്ടും അദ്ദേഹത്തിന് സ്ഥാനാർഥിത്വം നൽകിയതെന്ന് കുഞ്ഞികൃഷ്ണൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി താൻ പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രവർത്തകർക്ക് വലിയ ആവേശമില്ല എങ്കിലും വോട്ടിൽ കുറവ് വരില്ല. യുഡിഎഫ് ഇവിടെ ജയിക്കില്ല. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു