കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിപട്ടിക വന്നതോടെ പ്രത്യാശനശിച്ചു, നേതൃത്വത്തിന്റെ പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല,തുറന്നു പറഞ്ഞ് കെ സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടമായെന്ന് കെ സുധാകരന്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികള്‍ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ പേരില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കിയെന്നും സുധാകരന് കുറ്റപ്പെടുത്തി.ഹൈക്കമാന്റിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല.ഹൈക്കമാന്റിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.ജയസാദ്ധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം കൊടുത്തത്. തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടെന്നും, ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു. അതോടൊപ്പം ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും സുധാകരന് പറഞ്ഞു. ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.