ബംഗളൂരു : കോളേജ് അധികൃതരുടെ പീഡനത്തെത്തുടർന്ന് എൻജിനീയറിങ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യചെയ്തു. അമൃത എൻജിനീയറിങ് കോളേജ് വിദ്യർഥി ഹർഷവർധനാണ് ആത്മഹത്യ ചെയ്തത്.
നാലാം വർഷ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർത്ഥിയായ ഹർഷനെ കോളേജിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വിദ്യർഥികൾ ആരോപിച്ചു. ഹോസ്റ്റലിൽ മാന്യമായ ഭക്ഷണവും കുടിവെള്ള സൗകര്യങ്ങളും ഇല്ലെന്നാരോപിച്ച് സമരം ചെയ്ത ഹർഷനടക്കമുള്ള 15 വിദ്യാർത്ഥികളെ കോളേജ് മാനേജ്മെൻറ് പുറത്താക്കുകയും 45 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ക്യാമ്പസ് ഇന്റർവ്യൂ മുഖേന മുൻനിര എംഎൻസിയിൽ ജോലി ശരിയായിരുന്നു. എന്നാൽ ഓഫർ ലെറ്റർ കോളേജ് അധികൃതർ ഹർഷയുടെ മുന്നിൽ വലിച്ചുകീറി.
അമൃതാനന്ദമയിയുടെ കീഴിൽ അമൃത വിശ്വ വിദ്യാപീഠം നടത്തുന്ന നിരവധി സ്ഥാപനങ്ങളിൽ ഒന്നാണ് ഈ കോളേജ്. ഹർഷയ്ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ ഒത്തുകൂടി. എസ്എഫ്ഐ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് എത്തിയതോടുകൂടി സമരം ശക്തമായിരിക്കുകയാണ്. കോളേജ് അധികൃതർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് എസ്എഫ്ഐ ആവശ്യപ്പെട്ടു. തുടർന്ന് പരപ്പാന അഗ്രഹാര പൊലീസ് കോളേജിനെതിരെ സെക്ഷൻ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ) എന്നിവയ്ക്ക് കേസെടുത്തു.