സ്ഥാനാർഥിയാക്കാത്തത് കൊടുംചതി,ചെന്നിത്തല വാഗ്ദാനം ലംഘിച്ചെന്നും കെ.പി.സി.സി സെക്രട്ടറി സ്ഥാനം കെ. നീലകണ്ഠന് രാജിവച്ചു
കാസര്‍കോട് : കോണ്‍ഗ്രസ് നേതാവ് കെ. നീലകണ്ഠന് കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ചു കൊടുത്തു. യാതൊരുവിധ കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നീലകണ്ഠന് ഭാരവാഹിത്വം രാജിവെച്ചത്. ഉദുമ മണ്ഡലത്തില്‍ സാദ്ധ്യത പട്ടികയില്‍ ഒന്നാമതായി നീലകണ്ഠന്റെ പേരും ഉണ്ടായിരുന്നു. സമുദായ സമവാക്യങ്ങള്‍ നോക്കിയാല്‍ ഉറപ്പായും ഉദുമയില്‍ നീലകണ്ഠനെ പരിഗണിക്കേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീറ്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഗ്രൂപ്പ് നേതാക്കള്‍ അട്ടിമറി നടത്തിയെന്നാണ് ആക്ഷേപം. വലിയ ചതിയാണ് പാര്‍ട്ടി നേതൃത്വം തന്നോട് ചെയ്തതെന്ന് നീലകണ്ഠന് ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ അന്തരിച്ച പി. ഗംഗാധരന് നായരുടെ ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന് അടിത്തറ പാകിയ നേതാവാണ് നീലകണ്ഠന്. കേന്ദ്ര സംസ്ഥാന നേതാക്കള്‍ക്കെല്ലാം സുപരിചിതനുമാണ്.