ആത്മീയ ചികിത്സയുടെ മറവിൽ തട്ടിപ്പ്,
റിട്ട. കോളേജ് അദ്ധ്യാപികയിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ
ചങ്ങനാശേരി : പ്രാർത്ഥിച്ച് പ്രശ്നങ്ങൾ തീർത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് റിട്ട. കോളേജ് അദ്ധ്യാപികയിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. എറണാകുളം മരട് സ്വദേശി പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന നോർബിൻ നോബിനെയാണ് (40) ആലപ്പുഴയിൽ നിന്ന് അറസ്റ്റിലായത്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ട. കോളേജ് അദ്ധ്യാപിക അന്നമ്മ മാത്യുവിൽ (70) നിന്നാണ് പണം തട്ടിയത്.പ്രാർത്ഥനാ ചടങ്ങുകളിൽ വെച്ച് ഇവരെ പരിചയപ്പെട്ട നോർബിൻ പിന്നീട് വീട്ടിലെത്തുകയും ഒരു പാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർത്ഥനയിൽ കൂടി മാറ്റിത്തരാമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഭർത്താവ് മരിച്ച വൃദ്ധയുടെ രണ്ട് പെൺമക്കൾ കുടുംബമായി വിദേശത്താണ്. ഒരു പ്രാർത്ഥനയ്ക്ക് 13000 രൂപ വെച്ചും പത്തിൽ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കുന്നതിന് 30000 രൂപയുമാണ് വാങ്ങിയിരുന്നത്.കൂടാതെ വായ്പയായും വലിയ തുക വാങ്ങിയെടുത്തു. രണ്ടുവർഷമായിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലാതെ വന്നപ്പോൾ വീട്ടമ്മ പണം തിരികെ ചോദിച്ചു. പല അവധികൾ പറഞ്ഞിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. അതോടെ പ്രതി മുങ്ങി. പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നോർബിനെ കണ്ടെത്താനായില്ല.ഇതോടെ വീട്ടമ്മ ചങ്ങനാശേരി കോടതിയിൽ പരാതി നൽകി. പ്രതിയെ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടതോടെയാണ് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആലപ്പുഴ കളർകോടുള്ള ലോഡ്ജിൽ നിന്ന് അറസ്റ്റു ചെയ്തത്. ചങ്ങനാശേരി എസ്. എച്ച്. ഒ. ആസാദ് അബ്ദുൾ കലാം, എ.എസ്.ഐമാരായ രമേശ് ബാബു, ഷിജു കെ. സൈമൺ, ആന്റണി മൈക്കിൾ, സി.പി.ഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.