വാഹനഭാഗങ്ങൾ മോഷ്ടിച്ചെന്ന സംശയം; മുസ്ലീം യുവാവിനെ വൈദ്യുതിപോസ്റ്റിൽ കെട്ടിയിട്ട് തല്ലിക്കൊന്നു
റാഞ്ചി: നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ബാറ്ററിയും വീലുകളും മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു. ജാർഖണ്ഡിലെ സിർക വില്ലേജിലാണ് സംഭവം. മുബാറക് ഖാനെന്ന 26 വയസുകാരനായ മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലർച്ചയോടെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നും ഇയാൾ ബാറ്ററിയും വീലും മോഷ്ടിക്കുന്നത് കൈയോടെ പിടികൂടിയെന്നാണ് നാട്ടുകാർ അറിയിച്ചത്. മുബാറകിന്റെ പക്കൽ നിന്നും ബൈക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായും നാട്ടുകാർ ആരോപിക്കുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഇവർ ഇയാളെ പിടികൂടി മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പുലർച്ചെ 3 മണിയോടെ സ്ഥലത്തെത്തിയ പോലീസ് മുബാറക് ഖാൻ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മുബാറക് ഖാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും റാഞ്ചി പോലീസ് സൂപ്രണ്ട് നൗഷാദ് ആലം അറിയിച്ചു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മുബാറഖ് ഖാന്റെ ബന്ധുകൾ രംഗത്ത് വന്നിട്ടുണ്ട്. മർദ്ദിച്ചവരുടെ കൂട്ടത്തിലെ തിരിച്ചറിയാവുന്ന 19 പേർ ഉൾപ്പെടെ 25ഓളം പേർക്കെതിരെ ഖാന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പ്രദേശത്തുളളവരും ഖാനുമായുണ്ടായ തർക്കത്തെ തുടർന്നാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയതെന്നാണ് ഖാന്റെ അനുജന്റെ വാദം.