മുൻ ഡിവൈഎഫ്ഐ നേതാവ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം:മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി. ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായത്. ജില്ലയില്‍ സി.പി.എം.വിട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെയാളാണ് സഞ്ജു. ചേര്‍ത്തലയിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി പി.എസ്. ജ്യോതിസാണ് ആദ്യത്തെയാള്‍. സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന സഞ്ജു സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ ചുനക്കര നടുവില്‍ കിഴക്ക് നാലാംവാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആറുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ചാരുംമൂട് ഏരിയ സെക്രട്ടറിയായും മൂന്നുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പത്തുവര്‍ഷമായി സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു.
കെ. സഞ്ജുവിനെ സി.പി.എം. പുറത്താക്കി
ചാരുംമൂട്: ചുനക്കര നടുവില്‍ കിഴക്ക് എ ബ്രാഞ്ചിലെ അംഗമായ കെ. സഞ്ജുവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സി.പി.എം. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു. സി.പി.എമ്മിന്റെ പ്രഖ്യാപിതനയത്തെ വെല്ലുവിളിച്ച് മാവേലിക്കര നിയോജകമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് നടപടി.
ചുനക്കര പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ കഴിഞ്ഞതവണ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട സഞ്ജുവിനെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേപ്പറ്റി പാര്‍ട്ടി അന്വേഷിച്ച് ജനുവരി 24-ന് കൂടിയ ചുനക്കര ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരം സഞ്ജുവിനെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. സാമ്പത്തികതിരിമറി നടത്തിയെന്ന ആരോപണത്തിനുമേല്‍ സി.പി.എം. അന്വേഷണം നടക്കുന്നതിനാലാണ് സഞ്ചു ബി.ജെ.പി.യിലേക്ക് ചുവടുമാറ്റം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.