തിരൂരങ്ങാടി : സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പാറയില്‍ അനസ്(37), കൊളക്കാട്ടില് അബ്ദുര്‍റഹ്മാന്‍ എന്ന മാനു(37), പട്ടാളത്തില്‍ ബൈജു(37), പട്ടാളത്തില്‍ സന്തോഷ്(36) എന്നിവരെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ അബ്ദുര്‍റഹ്മാന്‍, അനസ് എന്നിവര്‍ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി കാമുകൻ കൂട്ടുകാര്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ചെയ്തു നല്‍കിയെന്നാണു പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായും സൂചനയുണ്ട്. തിരൂരങ്ങാടിയിലെയും പരിസരത്തെയും പല വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപും മറ്റും വീടുകളില്‍ നിന്നു പിടിച്ചെടുത്തിരുന്നു.