ഇന്ധന വില കുറയ്ക്കും, റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 4000 രൂപ; വാഗ്ദാന പെരുമഴയുമായി ഡിഎംകെ
ചെന്നൈ:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ പ്രകടന പത്രിക പുറത്തിറക്കി. ഇന്ധന വില കുറക്കുന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്ളത്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് പ്രകടന പത്രിക പുറത്തിറക്കിയത്.
പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കും. പാചക വാതക സിലിണ്ടറിന് 100 രൂപ സബ്സിഡി നല്‍കും. തമിഴ്നാട്ടില്‍ ഏറെ വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കാന്‍ നിയമ നിര്‍മാണം നടത്തും. നെല്ലിന്റെ താങ്ങുവില 2200 ആക്കി ഉയര്‍ത്തും. അമ്മ കാന്റീന് മാതൃകയില്‍ 500 കലൈഞ്ജര്‍ കാന്റീനുകള്‍ ആരംഭിക്കും. ഇങ്ങനെ സാധാരണക്കാരെയും കര്‍ഷകരെയുമെല്ലാം ചേര്‍ത്തു നിര്‍ത്തുന്നതാണ് ഡിഎംകെയുടെ പ്രകടന പത്രിക.
എട്ടാം ക്ലാസ് വരെ തമിഴ് പഠനം നിര്‍ബന്ധമാക്കും. ഭാഷയെന്ന തമിഴ്നാട്ടുകാരുടെ വികാരം വോട്ടാക്കി മാറ്റാനാണ് ഇത്. ഗ്രാമസഭയുടെ മാതൃകയില്‍ എല്ലാ മണ്ഡലങ്ങളിലും ജനസഭ, മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി, രണ്ട് ലക്ഷം തസ്തികകള്‍ സൃഷ്ടിക്കും, സര്‍ക്കാര്‍ ജോലികളിലെ 3.5 ലക്ഷം ഒഴിവ് നികത്തും, കരാര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തും, സ്വകാര്യ മേഖലയിലെ തൊഴിലിലും സംവരണം, വ്യവസായശാലകളിലെ തൊഴിലില്‍ 75 ശതമാനം തമിഴ്നാട്ടുകാര്‍ക്ക് സംവരണം, കോവിഡ് സാഹചര്യം പരിഗണിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4000 രൂപ വീതം നല്‍കും തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.