നീലേശ്വരത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ചു കടന്നയാൾ പിടിയിൽ
നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപത്തെ ജ്വല്ലറിയിൽ നിന്നു സ്വർണമാല മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ഷൈജുവാണ്(34) കർണാടകയിൽ ബന്ദർ പൊലീസിന്റെ പിടിയിലായതെന്നു നീലേശ്വരം പൊലീസ് അറിയിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിനു സമീപം യൂണിറ്റി ടവറിലെ കെ.എം.കെ.സൺസ് ജ്വല്ലറിയിൽ ഫെബ്രുവരി 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്.
ജ്വല്ലറി ഉടമ കെ.ബാലകൃഷ്ണൻ തൂക്കം നോക്കി വില കണക്കാക്കുന്നതിനിടെ മാല തട്ടിപ്പറിച്ച് ഷൈജു ഓടുകയായിരുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്ന സിമ്മില്ലാത്ത മൊബൈൽ ഫോൺ ജ്വല്ലറിയിൽ വച്ചാണ് ഓടി രക്ഷപ്പെട്ടത്. പരാതിയെ തുടർന്നു തുടർന്നു വിരലടയാള വിദഗ്ധരെത്തി വിരലടയാളം ശേഖരിച്ചു. ഇതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചു കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ അറസ്റ്റിലായ ഷൈജുവിന്റേതുമായി ഇവ ഒത്തു നോക്കിയപ്പോഴാണ് കേസ് തെളിഞ്ഞത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്നു നീലേശ്വരം എസ്ഐ പി.കെ.സുമേഷ് പറഞ്ഞു.