രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കേസുകള്‍ വീണ്ടും വര്‍ധിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കേസുകള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 15,817, പഞ്ചാബില്‍ 1,408, കര്‍ണാടക 833, ഗുജറാത്ത് 715, തമിഴ്നാട് 670, മധ്യപ്രദേശ് 603, ഡല്‍ഹി 431, ഹരിയാന 385 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം ആയി ഉയര്‍ന്നിരിക്കുന്നു. 2,02,022 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 63.57 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ തന്നെയാണ്.
രാജ്യത്തെ പുതിയ കേസുകളില്‍ 87.72 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1,780 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ കോവിഡ് പ്രതിദിന വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 24,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 140 പേര് മരിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി വര്‍ധിക്കുന്നുണ്ട്.
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,33,728 ആയി. കോവിഡ് ബാധിച്ച് മരിച്ചവര്‍ 1,58,446. 140 പേരാണ് ഇന്നലെ മാത്രം കോവിഡ് മൂലം മരിച്ചത്. ആക്ടിവ് കേസുകളുടെ എണ്ണം 2,02,022 ആണ്. ആകെ രോഗബാധിതരുടെ 1.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 96.82 ശതമാനത്തിലേക്കു താഴ്ന്നു.