പ്രസവിച്ച കുഞ്ഞിനെ തോടരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ജില്ല വിട്ട അമ്മയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി
കൊച്ചി: പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ച ശേഷമായിരുന്നു സ്ത്രീ കടന്നത്. ഇവരെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു മുമ്പ് പ്രസവിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.ഇന്ന് ഉച്ചയോടെ അങ്കമാലിയിലാണ് സംഭവം നടന്നത്. തുടർന്ന് അമ്മയെ കുഞ്ഞിനടുത്തേയ്ക്ക് എത്തിക്കുന്നതിനായി പാലക്കാട്ടേയ്ക്ക് കൊണ്ടുപോയി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുളളത്. പാലക്കാട് ചുളളിമട പേട്ടക്കാട് വെളളമില്ലാത്ത തോടിനടുത്ത് എത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ആളുകളെ വിളിച്ചു കൂട്ടിയ ശേഷം ഇയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു.വാളയാർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകൾ മാത്രമേ ആയുളളൂവെന്ന കാര്യം വ്യക്തമായി. കുഞ്ഞിന്റെ അമ്മയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് അന്യ സംസ്ഥാനത്ത് നിന്ന് വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. ഇവർ ഛർദിക്കാൻ ഇറങ്ങിപ്പാവുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസിൽ കയറി ഇരിക്കുകയായിരുന്നു.ബസ് അങ്കമാലിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നു എന്നത് ഉൾപ്പടെയുളള വിവരം സഹയാത്രക്കാർ അറിയുന്നത്. കോതമംഗലത്തേയ്ക്ക് പോവുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്. ഇവരുടെ ഒരു ബന്ധു ആലുവയിൽ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് അയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കഞ്ചിക്കോട് പി എച്ച് സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.