ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട്
ആത്മഹത്യാ ഭീഷണി മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്;
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ഭീഷണി. ജസ്റ്റിന് എന്ന പ്രവര്‍ത്തകനാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മന്‍ചാണ്ടി നേരിട്ട് അനുനയ ശ്രമം നടത്തിയതോടെ പ്രവര്ത്തകന് താഴെ ഇറങ്ങി. ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന് വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ താഴെ ഇറങ്ങി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാന്‍ഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടു നല്‍കില്ലെന്നും ജസ്റ്റിന് പറഞ്ഞു.