വമ്പിച്ച വിലക്കുറവ്; ക്രിസ്റ്റ്യാനോയെ വില്‍ക്കാനൊരുങ്ങി യുവന്റസ്
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്‍ക്കാനൊരുങ്ങി യുവന്റസ്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാന്‍ ഇറ്റാലിയന്‍ ക്ലബ്ബിന് കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് റയല്‍ മാഡ്രിഡുമായി ചര്‍ച്ച തുടങ്ങിയെന്നും വിവിധ യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോര്‍ച്ചുഗീസ് താരത്തിനു വേണ്ടി റയലിനൊപ്പം പി.എസ്.ജിയും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2011 മുതല്‍ തുടര്‍ച്ചയായി ഇറ്റാലിയന്‍ സീരി എ കിരീടം നേടുന്ന യുവന്റസ്, ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ടാണ് 2018-ല്‍ ക്രിസ്റ്റ്യാനോയെ 100 മില്യണ്‍ യൂറോ (860 കോടി രൂപ) നല്കി സ്വന്തമാക്കിയത്. യുവന്റസിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കുന്നതിനായി അസാധ്യമായ കാര്യങ്ങള്‍ വരെ താന്‍ ചെയ്യുമെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോയുടെ വരവിനു ശേഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പോലും ഇടംനേടാന്‍ ടൂറിന് ആസ്ഥാനമായുള്ള ക്ലബ്ബിനായില്ല.
പൊറുക്കാനാവാത്ത പിഴവ്
ഈയാഴ്ച എഫ്.സി പോര്‍ട്ടോക്കെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ക്രിസ്റ്റ്യാനോയുടെ പിഴവിലാണ് യുവന്റസ് ഗോള്‍ വഴങ്ങിയതും പുറത്തായതും. എക്സ്ട്രാ ടൈമിന്റെ 25-ാം മിനുട്ടില്‍ പോര്‍ട്ടോ താരം സെര്‍ജിയോ ഒലിവേര നിലംപറ്റെ എടുത്ത ഫ്രീകിക്ക് ക്രിസ്റ്റ്യാനോയുടെ കാലുകള്‍ക്കിടയിലൂടെയാണ് ഗോളിലെത്തിയത്. 55-ാം മിനുട്ടിനു ശേഷം പത്തു പേരുമായി കളിച്ച പോര്‍ട്ടോയെ തോല്‍പ്പിക്കാന്‍ യുവെക്ക് കഴിയാതിരുന്നതും ഗോള്‍ വഴങ്ങിയ ക്രിസ്റ്റിയാനോയുടെ പിഴവും ആരാധകരെ പ്രകോപിതരാക്കി.
പോര്‍ച്ചുഗീസ് താരത്തിന്റെ അശ്രദ്ധയാണ് എവേ മത്സരത്തില്‍ നിര്‍ണായക ഗോള്‍ വഴങ്ങാന്‍ കാരണമായതെന്നും ഇത് പൊറുക്കാന്‍ കഴിയാത്ത പിഴവാണെന്നും മുന്‍ യുവന്റസ് കോച്ച് ഫാബിയോ കാപെല്ലോ വിമര്‍ശിച്ചു. വന്‍തുക നല്കി ക്രിസ്റ്റ്യാനോയെ വാങ്ങിയത് അബദ്ധമായിരുന്നുവെന്ന് മുന്‍ യുവന്റസ് പ്രസിഡണ്ട് ജിയോവന്നി കൊബോലിയും പറഞ്ഞു.
വമ്പിച്ച വിലക്കുറവ്
ക്രിസ്റ്റ്യാനോയെ വാങ്ങാന്‍ മുടക്കിയ തുകയുടെ മൂന്നിലൊന്നില്‍ താഴെയുള്ള തുക (29 മില്യണ്‍ യൂറോ) എങ്കിലും നല്കാന് സന്നദ്ധതയുള്ള ക്ലബ്ബിന് താരത്തെ വില്ക്കാന് യുവന്റസ് ഒരുക്കമാണെന്നാണ് ഇംഗ്ലീഷ്, ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ജൂണില്‍ കരാര്‍ അവസാനിക്കുമെങ്കിലും 36-കാരനെ അതുവരെ നിലനിര്‍ത്താന്‍ യുവന്റസിന് താല്പര്യമില്ല. പ്രതിവര്‍ഷ പ്രതിഫലമായ 32 മില്യണ്‍ യൂറോ ഒരു വര്‍ഷം കൂടി നല്കുന്നതിനേക്കാള് ലാഭം ഇപ്പോള്‍ തന്നെ താരത്തെ ഒഴിവാക്കുന്നതാണെന്ന് ക്ലബ്ബ് കണക്കുകൂട്ടുന്നതായി ഇറ്റാലിയന്‍ മാധ്യമമായ കൊറിയര്‍ ദെല്ലോ സ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് ചെയ്യുന്നു.