25 വര്‍ഷത്തിനുശേഷം വീണ്ടുമൊരു വനിതാ സ്ഥാനാര്‍ഥി; ഖമറുന്നിസയ്ക്ക് പിന്‍ഗാമിയായി നൂര്‍ബിന
കോഴിക്കോട് സൗത്തിൽ
മലപ്പുറം: രണ്ടര പതിറ്റാണ്ടുകള്‍ക്കുശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് വീണ്ടും ഒരു വനിതാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദാണ് ലീഗിന്റെ സ്ഥാനാര്‍ഥി. സിറ്റിങ് എംഎല്‍എ എം.കെ. മുനീറിനു പകരമാണ് നൂര്‍ബിനയെ മണ്ഡലത്തില്‍ നിര്‍ത്താന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്. മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കും.
1996ല്‍ ആണ് കേരളത്തില്‍ ലീഗ് ആദ്യമായി വനിതാ സ്ഥാനാര്‍ഥിയെ പരിഗണിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഖമറുന്നിസ അന്‍വറിനായിരുന്നു നിയോഗം. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അധ്യക്ഷയായിരുന്ന അവര്‍ പദവി രാജിവച്ചാണ് മത്സരത്തിനിറങ്ങിയത്. പക്ഷേ സിപിഎം നേതാവ് എളമരം കരീമിനോട് പരാജയപ്പെട്ടു. പിന്നീട് ഇതുവരെ വനിതാ സ്ഥാനാര്‍ഥിയെ നിയമസഭയിലേക്ക് ലീഗ് പരീക്ഷിച്ചിട്ടില്ല.
ചില സംഘടനകളില്‍നിന്നുള്ള എതിര്‍പ്പ് ഖമറുന്നിസ അന്‍വറിന്റെ തോല്‍വിയിലേക്ക് നയിച്ചിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് പരീക്ഷണത്തിന് ലീഗ് മുതിര്‍ന്നിരുന്നില്ല. എന്നാല്‍, ഇത്തവണ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ്, നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നൂര്‍ബിനയുടെ സ്ഥാനാര്‍ഥിത്വം