പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്കി ഗാന്ധിഭവനിലെ അമ്മമാര്‍
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മ്മിക്കുന്ന അമ്മമാര്‍ അവ ഗാന്ധിഭവനിലെ വില്‍പ്പനശാലയിലൂടെ വിറ്റുകിട്ടുന്ന തുക സ്വരുക്കൂട്ടിവച്ച് അതില്‍ നിന്നൊരു പങ്കാണ് പിണറായിക്ക് സമ്മാനിച്ചത്. കഴിഞ്ഞ തവണയും പിണറായിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചതും ഗാന്ധിഭവനിലെ അമ്മമാരായിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എ.കെ.ജി. സെന്ററിലെത്തിയായിരുന്നു അന്ന് തുക കൈമാറിയത്.
മുഖ്യമന്ത്രിയാകും മുന്‍പ് 2014 ഡിസംബറില്‍ ഗാന്ധിഭവന് സന്ദര്‍ശിച്ച പിണറായി ഗാന്ധിഭവന് അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു. പരുക്കനെന്നു കരുതിയ നേതാവില്‍ നിന്നുള്ള ആര്‍ദ്രസമീപനം ഗാന്ധിഭവനിലെ അമ്മമാരെ ഏറെ ആകര്‍ഷിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതറിഞ്ഞ് അന്ന് അമ്മമാര്‍ തങ്ങളുടെ കൈത്തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് അദ്ദേഹത്തിന് നല്കാന് താല്പര്യപ്പെട്ടു മുന്നോട്ടുവരികയായിരുന്നു.
അദ്ദേഹം പിന്നീട് പലതവണ ഗാന്ധിഭവനില്‍ വന്നു. മുഖ്യമന്ത്രിയായ ശേഷം വീണ്ടുമെത്തി അമ്മമാരുമായി സ്നേഹം പങ്കുവച്ചു. ഗാന്ധിഭവന് ഞാന്‍ അന്യനല്ല, ഇതെന്റെ കുടുംബമാണെന്ന് പറഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് അദ്ദേഹം എല്ലാവര്ക്കും ഓണക്കോടി നല്കി. അതിനുള്ള തുക വരദരാജന് വശമാണ് കൊടുത്തുവിട്ടത്. ഈ കോവിഡ് കാലത്ത് അടിയ്ക്കടി വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മകളുടെ വിവാഹത്തിനും ഗാന്ധിഭവന് കുടുംബത്തെ ക്ഷണിച്ചിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് തുക നല്‍കണം എന്ന് അമ്മമാര്‍ ആവശ്യപ്പെടുകയായിരുന്നു; – ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് പറഞ്ഞു.
കണ്ണൂരിലായിരിക്കുന്ന പിണറായി വിജയന് നേരില്‍ എത്തി തുക സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിനിധിയായി നോര്‍ക്ക എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് കെ. വരദരാജന് ഗാന്ധിഭവനിലെത്തി അമ്മമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി. മുതിര്‍ന്ന കുടുംബാംഗമായ ആനന്ദവല്ലിയമ്മാളാണ് തുക കൈമാറിയത്. സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന്, ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, നടനും ഗാന്ധിഭവന് അന്തേവാസിയുമായ ടി.പി. മാധവന് എന്നിവര്‍ പങ്കെടുത്തു.