വില്ലനായി സംശയരോഗം, ഭാര്യമാരെ കൊന്ന് ഭർത്താക്കന്മാർ ജീവനൊടുക്കി, കൊല്ലപ്പെട്ടവരിൽ എഴുപതുകാരിയും
കൊച്ചി : സംശയരോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ടിടത്ത് ഭാര്യമാരെ കൊന്ന് ഭർത്താക്കന്മാർ ജീവനൊടുക്കി. കൊച്ചിയിലും കോഴിക്കോട്ടുമാണ് സംഭവങ്ങളുണ്ടായത്.കൊച്ചി വരാപ്പുഴ ചേന്നൂരിൽ എഴുപത്തഞ്ചുകാരനായ ജോസഫ് എഴുപതുകാരിയായ ഭാര്യ ലീലയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകും കോഴിക്കോട് അത്തോളിയിലെ കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭർത്താവ് കൃഷ്ണൻ (54) അടിച്ചുകൊന്നത്.പിന്നീട് കൃഷ്ണനെ തറവാട് വീട്ടിന് സമീപത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. സംശയരോഗത്തെ തുടർന്നാണ് കൃഷ്ണൻ കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്.ശോഭനയും കൃഷ്ണനും തമ്മിൽ വഴക്കിടുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. കൊല നടന്ന ഇന്നലെയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. എന്നാൽ, സ്ഥിരം സംഭവമായതിനാൽ അയൽവാസികൾ കാര്യമാക്കിയിരുന്നില്ല. ഭാര്യയുമായി വഴക്കിട്ട കൃഷ്ണൻ അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് പോയി. രാത്രി ഏറെ വൈകിയും വീട്ടിൽ വെളിച്ചം കണ്ടതോടെ കൃഷ്ണന്റെ സഹോദരനും മകനും ഇവിടെയെത്തി. അപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് ശോഭനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത്തോളി പൊലീസിനെ വിവരം അറിയിച്ചു.കൃഷ്ണനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നുരാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പ്ളാവിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശോഭ-കൃഷ്ണൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. ഇരുവരും വിവാഹിതരാണ്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസിച്ചിരുന്നത്. വടകര റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക്കും ഫിംഗർ പ്രിന്റ് സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം അത്തോളി എസ്.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: രമ്യ (കൂത്താളി ), ധന്യ (ചേളന്നൂർ). എരഞ്ഞിക്കൽ സ്വദേശിയാണ് ശോഭന.