സിന്ധുമോള്‍ മത്സരിക്കാന്‍ യോഗ്യ; ലോക്കല്‍ കമ്മിറ്റിക്ക് പുറത്താക്കാൻ അധികാരമില്ല- സിപിഎം
കോട്ടയം: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മിറ്റി നടപടി തള്ളി ജില്ലാ കമ്മിറ്റി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി നടപടിയെ തള്ളി ജില്ലാ സെക്രട്ടറി വി.എന്‍.വാസവനാണ് രംഗത്തെത്തിയത്.
ഒരു അംഗത്തെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ നടപടിയെ കുറിച്ച് തനിക്കറിയില്ലെന്നും വി.എന്‍.വാസവന് പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയില്‍ മത്സരിക്കാന്‍ യോഗ്യയാണ് സിന്ധുമോള്‍ ജേക്കബ്. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യനിഷ്ടതയോടെ ചെയ്യുമെന്നും വാസവന് പറഞ്ഞു.
മറ്റുകാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി സിന്ധുമോള്‍ ജേക്കബിനെ കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയതായി അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അറിവോടെയാണ് താന്‍ മത്സരിക്കുന്നത് എന്നായിരുന്നു സിന്ധുമോള്‍ ജേക്കബിന്റെ പ്രതികരണം.