പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരൻ തന്നെ ബിജെപി സ്ഥാനാർത്ഥി; നാളെ മുതൽ പ്രചാരണം ആരംഭിക്കും
തൃശൂർ: മെട്രോമാൻ ഇ.ശ്രീധരനെ പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തൃശൂരിൽ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ അദ്ദേഹത്തിന്റെ പേര് കേന്ദ്രത്തിന് ശുപാർശ ചെയ്തു. നാളെ മുതൽ മണ്ഡലത്തിൽ അനൗദ്യോഗികമായി അദ്ദേഹത്തിനായുളള പ്രചരണം ആരംഭിക്കുമെന്നാണ് വിവരം.പൊന്നാനി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലായിരുന്നു പാലക്കാടിനൊപ്പം ഇ.ശ്രീധരന്റെ പേര് ഉയർന്ന് കേട്ടിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേരുമെന്ന വിവരം ഇ.ശ്രീധരൻ അറിയിച്ചത്.അതേസമയം ബിജെപി വിജയസാദ്ധ്യത കാണുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ബിജെപിയിലും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയാണ്. വിജയസാദ്ധ്യതയുളള മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അറിഞ്ഞശേഷം മതി സ്ഥാനാർത്ഥികളെന്നാണ് ബിജെപിയുടെ തീരുമാനം. നേമത്ത് ശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ കുമ്മനം രാജശേഖരനെ മണ്ഡലം മാറ്റാൻ ആലോചിക്കുന്നുണ്ട്. വട്ടിയൂർക്കാവിലേക്കാവും അങ്ങനെവന്നാൽ കുമ്മനം മാറുക. കോന്നിയിലോ കഴക്കൂട്ടത്തോ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ചേക്കും. സുരേഷ്ഗോപി തൃശൂരിൽ മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്തിമസ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാണ് ബിജെപി തീരുമാനം.