പിറവത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി
കൊച്ചി: പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായത് എന്നാണ് സിന്ധുമോളുടെ പ്രതികരണം. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- എമ്മില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്. സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.
പാലക്കുഴ പഞ്ചായത്തില്‍ സി.പി.ഐ. പ്രതിനിധിയായിരുന്ന പാലക്കുഴ ഓലിക്കല്‍ ജേക്കബ് ജോണിന്റെയും ചിന്നമ്മ ജേക്കബ്ബിന്റെയും മകളാണ് സിന്ധുമോള്‍ ജേക്കബ്. പ്രീഡിഗ്രി പഠനകാലത്ത് മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന് എ.ഐ.എസ്.എഫ്. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. കുറിച്ചി ഹോമിയോ കോളേജില്‍നിന്ന് ബി.എച്ച്.എം.എസ്. ബിരുദം നേടി. ഹോമിയോ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് തുടങ്ങി.
ഹോമിയോ ഡോക്ടറായ ഡോ. ജയ്സ് പി. ചെമ്മനാട്ടിന്റെ വധുവായി ഉഴവൂരിലെത്തി. 2005-ല്‍ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായി. ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡി.ഐ.സി. പ്രതിനിധിയായി ജയിച്ച മോളി ലൂക്കാ കേരള കോണ്‍ഗ്രസ്-എമ്മിനൊപ്പം എത്തുകയും കേരള കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.
2010-ലും 2015-ലും ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ്.