ബലാത്സംഗ പരാതിയിൽ കേസെടുത്തില്ല; യു.പി നിയമസഭക്ക് സമീപം യുവതി ദേഹത്ത് തീകൊളുത്തി
ലഖ്നോ: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശ് നിയമസഭ സമുച്ചയത്തിന് സമീപം യുവതിയുടെ ആത്മഹത്യ ശ്രമം. പൊലീസെത്തി തടഞ്ഞതോടെ അപകടം ഒഴിവായി.
ബുധനാഴ്ച നിയമസഭ സമുച്ചയത്തിലെ അഞ്ചാം നമ്പർ ഗേറ്റിന് സമീപെമത്തിയ യുവതി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
സുൽത്താൻപുർ സ്വദേശിയായ യുവതി അടുത്തിടെ പൊലീസിൽ ബലാത്സംഗ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ലെന്ന് യുവതി ആരോപിച്ചു. ഇതേ തുടർന്നാണ് ആത്മഹത്യ ശ്രമം.
യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതായും പൊലീസ് തടഞ്ഞില്ലെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നുവെന്നും പൊലീസ് കമീഷണർ ഡി.കെ. താക്കുർ പറഞ്ഞു.