സിപിഎം സ്ഥാനാര്‍ഥിയായി പെരിന്തൽമണ്ണയിൽ മത്സരിക്കുന്നത് കാസർകോട് മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെസഹോദരീ ഭർത്താവ് മുഹമ്മദ് മുസ്തഫ. ലീഗിന്റെ മുൻമലപ്പുറം മുനിസിപ്പൽ ചെയർമാനാണ്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടികയില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും മുന്‍ഭാരവാഹികളും ഇടംപിടിച്ചു. മുന്‍ കെ.പി.സി.സി.സെക്രട്ടറി മുതല്‍ മുസ്ലിം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ സിപിഎം സ്ഥാനാര്‍ഥികളായിട്ടുണ്ട് ഇത്തവണ.
സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി മുന്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.എസ്.വിശ്വനാഥനാണ് സിപിഎം സ്ഥാനാര്‍ഥി. ദിവസങ്ങള്‍ക്ക് മുമ്പാണ് വിശ്വനാഥന് കോണ്‍ഗ്രസ് വിട്ടത്. കുറുമ സമുദായക്കാരനാണ് എം. എസ് വിശ്വനാഥന്. സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സിറ്റിങ് എംഎല്‍എ ഐ.സി ബാലകൃഷ്ണന് തന്നെ സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടര്‍ന്നായിരുന്നു എം എസ് വിശ്വനാഥന്റെ രാജി.
കുന്നത്തുനാട്ടില്‍ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ള പി.വി.ശ്രീനിജന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകനുംകൂടിയാണ് ശ്രീനിജന്.
ആലുവയില്‍ സ്ഥാനാര്‍ഥിയായിട്ടുള്ള ഷെല്‍ന നിഷാദ് ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യു.ഡി.എഫ്. എം.എല്‍.എ.യായ കെ. മുഹമ്മദാലിയുടെ മരുമകളാണ് .
വണ്ടൂരിലെ സി.പി.എം സ്ഥാനാര്‍ഥി പി.മിഥുന മുസ്ലിം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി-വനിതാ സംവരണമായതോടെയാണ് മിഥുനയെ ലീഗ് തിരഞ്ഞെടുത്തത്. 2015-ല്‍ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോര്‍ഡും മിഥുനക്കുണ്ടായിരുന്നു.
മലപ്പുറത്തെ മറ്റൊരു മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ സി.പി.എം സ്വതന്ത്രനായിട്ട് മത്സരിക്കുന്നത് കെ.പി.മുഹമ്മദ് മുസ്തഫയാണ്. മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുസ്തഫ മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനാണ്.മുസ്ലിം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരീ ഭർത്താവാണ് മുഹമ്മദ് മുസ്തഫ.കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സ്ഥാനാർഥിയായി മാഹിൻ ഹാജിയുടെ പേര് പ്രചരിക്കവേയാണ് സഹോദരീ ഭർത്താവ് പെരിന്തൽമണ്ണയിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി ലീഗിന് വെല്ലുവിളി ഉയർത്തിയത്.
മലപ്പുറത്തെ ഇടത് സിറ്റിങ് എംഎല്‍എമാരായ വി.അബ്ദുറഹിമാന്, പി.വി.അന്‍വര്‍, കെ.ടി.ജലീല്‍ എന്നിവരും ലീഗ്-കോണ്‍ഗ്രസ് പശ്ചാത്തല രാഷ്ട്രീയമുള്ളവരാണ്.