തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍.
കണ്ണൂര്‍: ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. സി പി എമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉള്‍പ്പടെയുളള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഇത്തവണ വോട്ടുകള്‍ നഷ്ടമാകുമെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്ബോള്‍ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടത്. പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാര്‍ത്ഥിയാകില്ല. സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്.
ഐസക്കിനെ തട്ടിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ സൂചിപ്പിച്ചു.
പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരന്. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും ബര്‍ലിന്‍ പറഞ്ഞു.
നേരിട്ട് കാണണമെന്ന് പറഞ്ഞിട്ടും പിണറായി വരാത്തതില്‍ പരിഭവമില്ല. സംസ്ഥാനത്ത് പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു.