സി പി എം പട്ടികയിൽ പിണറായിയും മരുമകനും; ബേപ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുമോ?
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മരുമകൻ മുഹമ്മദ് റിയാസും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് കൗതുകമാവുകയാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിജയരാഘവൻ, മന്ത്രി എ കെ ബാലൻ തുടങ്ങിയവരുടെ ഭാര്യമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ ബാലന്റെ ഭാര്യയ്ക്ക് സീറ്റ് നഷ്ടപ്പെട്ടപ്പോൾ വിജയരാഘവന്റെ ഭാര്യ ഇരിങ്ങാലക്കുടയിൽ നിന്നും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു.അതേസമയം, പിണറായിയുടെ മരുമകൻ എന്നതല്ല മുഹമ്മദ് റിയാസിന് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ കാരണമായത്. പാർട്ടിയുടെ യുവമുഖവും ഡി വൈ എഫ് ഐ അഖിലേന്ത്യ സെക്രട്ടറിയുമായ റിയാസ് നിരവധി പ്രക്ഷോഭങ്ങളിൽ സംഘടനയുടെ മുന്നണി പോരാളിയായിരുന്നു. ചാനൽ ചർച്ചകളിലും സജീവ സാന്നിദ്ധ്യമാണ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ വീണയും റിയാസും തമ്മിൽ കൊവിഡ് കാലത്ത് ക്ലിഫ് ഹൗസിൽ വച്ച് നടന്ന വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.കണ്ണൂർ ധർമ്മടത്ത് നിന്നും പിണറായി മത്സരിക്കുമ്പോൾ അയൽ ജില്ലയായ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്നാണ് മുഹമ്മദ് റിയാസ് മത്സരിക്കുന്നത്. റിയാസിന് വേണ്ടി പിണറായി മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുമോയെന്നതാണ് മറ്റൊരു കൗതുകം. അതിനൊപ്പം തുടർഭരണം പ്രവചിക്കുന്ന സി പി എമ്മുകാർ പിണറായിയുടെ ക്യാബിനറ്റിൽ റിയാസും ഇടംപിടിക്കുമെന്നാണ് അടക്കം പറയുന്നത്. പാർട്ടിയുടെ യുവമുഖമായ റിയാസിനെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്.1911ലെ ബേപ്പൂർ മോഡൽ വിജയം ഈ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്നാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. ബേപ്പൂരിലെ കോ ലീ ബി സഖ്യത്തെ ശക്തമായി നേരിടും. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ലെന്ന് തെളിയിച്ച മണ്ഡലമാണ് ബേപ്പൂരെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.