പാലക്കുന്ന് ക്ഷേത്രത്തിൽ’ഭരണി കുറിച്ചു’;കൊടിയേറ്റം ഇന്ന്ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിച്ചു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി കുറിക്കൽ നടന്നു. തുടർന്ന് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിൽ ‘ഭരണികുഞ്ഞാ’യി വി. ബി. വൈഗയെന്ന ബാലികയെ അരിയും പ്രസാദവുമിട്ട് അനുഗ്രഹിക്കുന്ന ചടങ്ങ് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിൽ നടന്നു. ക്ഷേത്രത്തിൽ സന്നിഹിതരായ സ്ഥാനികരും മൂന്ന് തറകളെ പ്രതിനിധീകരിച്ച് ഭരണ സമിതി പ്രസിഡന്റും ചടങ്ങിൽ ഭാഗഭാക്കായി.ഭരണികുഞ്ഞിന്റെ കുടുംബാംഗങ്ങളും
ഭാരവാഹികളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
ബുധനാഴ്ച്ച രാത്രിയാണ് ഭരണി ഉത്സവത്തിന് കോടിയേറുന്നത്. അതിന് മുന്നോടിയായി വൈകുന്നേരം ക്ഷേത്ര കർമികളും വാല്യക്കാരും ചേർന്ന് ക്ഷേത്രത്തിൽ ആനപ്പന്തൽ കയറ്റും.
സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് അനുബന്ധ കർമങ്ങളും പൂർത്തിയാക്കി രാത്രി 9 ന് ഭണ്ഡാരവീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികർമങ്ങളും കലശാട്ടും, കൊടിയില വെക്കലും കഴിഞ്ഞ് കെട്ടിചുറ്റി തിടമ്പുകളും തിരുവായുധങ്ങളുമായി ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി പന്ത്രണ്ട് മണിക്കകം അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കോടിയേറ്റും.
തൃക്കണ്ണാട് ക്ഷേത്രത്തിൽ കൊടിയിറക്കത്തിന് ശേഷം അവിടെ നിന്ന് പ്രതീകാത്മകമായി
കമ്പയും കയറും ഏറ്റുവാങ്ങിയാണ് പാലക്കുന്നിൽ കൊടിയേറ്റം നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവർ കോവിഡ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.