കെ.എം. ഷാജിയെ കളമശ്ശേരിയില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ്; സമ്മതംമൂളി ഷാജി, പാണക്കാട്ട് തീരുമാനിക്കട്ടെയെന്നും
കൊച്ചി: കളമശ്ശേരിയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. എന്നാല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച കെ.എം. ഷാജി പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണവിധേയനായ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ട് വച്ചത്. കളമശ്ശേരിയില്‍ പി. രാജീവിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ ഇവിടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ഇബ്രാഹിംകുഞ്ഞിനേയും പകരം നിര്‍ദേശിച്ച മകനേയും സ്ഥാനാര്‍ഥിയാക്കരുതെന്ന് ലീഗ് ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരിയിലെ സ്ഥാനാര്‍ഥിത്വം കീറാമുട്ടിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കെ.എം. ഷാജിയെ കോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് നിര്‍ദേശിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഷാജിയുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഷാജി സമ്മതം അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇബ്രാഹിംകുഞ്ഞും പാര്‍ട്ടിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ഷാജിയുടെ നിലപാട്. ഇബ്രാഹിംകുഞ്ഞിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കളമശ്ശേരിയില്‍ മത്സരത്തിനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.