മഞ്ചേശ്വരം : പൈവളിഗെനഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കണ്ട്രോള് റൂമില്‍ ഒരുക്കിയ വെബ്കാസ്റ്റിങ് നൂറു ശതമാനം വിജയം. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെയും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വരണാധികാരി എന്‍ പ്രേമചന്ദ്രന്റെയും നേതൃത്വത്തിലാണ് കണ്ട്രോള് റൂമില്‍ നിന്നും ഉദ്യോഗസ്ഥ വൃന്ദം പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയകള്‍ തല്‍സമയം വീക്ഷിച്ചത്. 20 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ തന്നെ കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമായി. 5.30 ന് മോക്ക് പോള്‍ ആരംഭിച്ചത് മുതല്‍ നടപടി ക്രമങ്ങള്‍ വീക്ഷിച്ചു തുടങ്ങി. മോക്ക് പോള്‍ സമയത്ത് പ്രവര്‍ത്തനരഹിതമായ നാല് ഇവിഎം മെഷീന്, 17 വിവിപാറ്റ് മെഷീന് എന്നിവ തത്സമയം മാറ്റുന്നതിന് കളക്ടര്‍ നിര്‍ദേശം നല്കി. 29 റിസര്‍വ്വ്ഡ് ഉദ്യോഗസ്ഥരെയും രാവിലെ തന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യാസിച്ചു.
എഡിഎം കെ അജേഷ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി ആര് രാധിക, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്‍. സുരേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ രാജന്, ബി എസ് എന്‍ എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിയോ ബി പെരേര, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍ എ അജീഷ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉപതെരഞ്ഞെടുപ്പുമായി നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാരും ഉന്നത പോലീസ്-റവന്യൂ ഉദ്യോഗസ്ഥരും കണ്ട്രോള് റൂം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ജില്ലാ ഭരണംകൂടം നിയോഗിച്ച ഒരു സംഘം ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നവരെ പോളിങ് ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ചത്. വെബ്കാസ്റ്റിങിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസും അക്ഷയും ബി എസ് എന്‍എല്ലും ആണ് സാങ്കേതിക സഹായം ലഭ്യമാക്കിയത്.