കേരള യാത്രക്കാർക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ ശാസനയുമയി കർണാടക ഹൈക്കോടതി
ബംഗളൂരു: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ ശാസനയുമയി കർണാടക ഹൈക്കോടതി. നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കർണാടക ചീഫ് ജസ്റ്റീസ് കർണാടക സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ദക്ഷിണ കന്നഡ കളക്ടറോട് വിശദീകരണവും കോടതി തേടി. കേസ് മാർച്ച് 18ന് വീണ്ടും പരിഗണിക്കും.
25 ചെക്ക്പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിൽ കൂടി മാത്രം ആളുകളെ കടത്തിവിടുന്ന നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കാസർഗോഡ് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തിയത് പരിഹാസ്യമാണെന്നും കോടതി കണ്ടെത്തി.
കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫെബ്രുവരി 16നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.
കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചെലവിൽ കൊവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.