വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിസമര യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി.
കാഞ്ഞങ്ങാട്: നീതികിട്ടാതെ മടക്കമില്ലെന്ന മുദ്രാവാക്യവുമായി വാളയാര്‍ നീതി സമര സമിതിയുടെ ആഭിമുഖ്യത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മനയിക്കുന്ന നീതിയാത്രക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി. കാസര്‍കോട് നിന്ന് പ്രയാണമാരംഭിച്ച യാത്ര ഇന്നുച്ചയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്.
കാസർകോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടന്ന ഉദ്ഘാടന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളം ഇരകള്‍ക്കൊപ്പമാണെന്നും കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്‍.എ. നെല്ലിക്കുന്ന് ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് അമ്മ പറഞ്ഞു. സത്യാമധു സ്വാഗതം പറഞ്ഞു. വിളയോടി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
വിവിധ കക്ഷിനേതാക്കളായ കെ.നീലകണ്ഠന്, അമ്പലത്തറ കുഞ്ഞികൃഷ്ണന്, ഹക്കീം കുന്നില്‍, അഡ്വ. കെ. ശ്രീകാന്ത്, രാജു കൃഷ്ണന്, മുംതാസ് സമീറ, ബഷീര്‍ ആലടി, അഡ്വ. എ. ഗോവിന്ദന് നായര്‍, കെ. ഖാലിദ്, എ.എം. കടവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്മരാജന്, കണ്ണന് കരുവാക്കോട്, രാജു കൃഷ്ണന് എന്നിവര്‍ തലമുണ്ഡനം ചെയ്തു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വനിതാ ലീഗ് പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തി. മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, സിയാന ഹനീഫ്, നൈമുന്നിസ എന്നിവര്‍ നേതൃത്വം നല്കി. ജാഥ ഏപ്രില്‍ 4ന് പാറശാലയില്‍ സമാപിക്കും. വിളയോടി വേണുഗോപാല്‍, വി.എം. മാര്‍സല്‍, സി.ആര്. നീലകണ്ഠന് തുടങ്ങിയ 21 പേര് നീതിയാത്രയിലെ സ്ഥിരാംഗങ്ങളാണ്.