സ്ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആര്.എസ്.എസുകാരന്; ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്, പാരമ്പര്യം വെളിപ്പെടുത്തി മെട്രോമാൻ ഇ. ശ്രീധരന്
കൊച്ചി: സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ താന്‍ ആര്.എസ്.എസുകാരനായിരുന്നെന്ന് ബി.ജെ.പി നേതാവും ഡി.എം.ആര്.സി മുന്‍ മേധാവിയുമായ ഇ. ശ്രീധരന്. ആര്.എസ്.എസ് മുഖപത്രമായ കേസരിക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീധരന് ഇക്കാര്യം വ്യക്തമാക്കിയത്.
തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്.എസ്.എസ് ആണെന്നും ഇ. ശ്രീധരന് പറഞ്ഞു. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും അഭിമുഖത്തില്‍ പറയുന്നു.
പാലക്കാട്ട് സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ് ആര്.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റര്‍മിഡിയറ്റ് കാലത്തും അതു തുടര്‍ന്നെന്നും അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍ ഭരതനും രാ വേണുഗോപാലുമാണ് തനിക്ക് ശിക്ഷണം നല്‍കിയതെന്നും ശ്രീധരന് പറഞ്ഞു.
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്.എസ്.എസ് എന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നെന്നും കേരളത്തില്‍ ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ടെന്നും ശ്രീധരന് പറഞ്ഞു.
ദേശസുരക്ഷയ്ക്കു വേണ്ടി നില്ക്കുന്ന പാര്‍ട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കണമെന്നും ശ്രീധരന് പറയുന്നു. നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സുരേന്ദ്രന്റെ നടപടിയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രം ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നായിരുന്നു നേതൃത്വത്തിന്റെ വിമര്‍ശനം.
ഇതിന് പിന്നാലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ശ്രീധരന്റെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു സുരേന്ദ്രന്റെ തിരുത്ത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
ഫെബ്രുവരി 26 നാണ് ശ്രീധരന് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരന് അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരനും നേരത്തെ പറഞ്ഞിരുന്നു.