ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ‘മൈത്രി സേതു’ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി :ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.രാഷ്ട്രീയ അതിർവരമ്പുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾക്ക് തടസ്സമാകുന്ന ശാരീരിക വിലക്കുകളായി മാറരുതെന്ന് ഷെഖ് ഹസീന പറഞ്ഞു. ഇന്ത്യൻ അതിർത്തിയിൽ ത്രിപുരയ്ക്കും ബംഗ്ളാദേശിനും ഇടയിലൂടെയാണ് ഫെനി നദി ഒഴുകുന്നത്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ബംഗ്ലാദേശിനും ഏറെ നിർണ്ണായകമായ ബന്ധമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ഉദ്ഘാടന വേളയിൽ മോദി പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വളർന്നുവരുന്ന സൗഹൃദബന്ധത്തിന്റെയും ഉഭയകക്ഷിബന്ധങ്ങളുടെയും പ്രതികമായിട്ടാണ് മൈത്രി സേതു എന്ന പേര് പാലത്തിന് നൽകിയിരിക്കുന്നത്. പാലം തുറന്നതോടെ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല അന്താരാഷ്ട്ര തുറമുഖത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.