ഇനിയും പള്ളികള്‍ നഷ്ടപ്പെടരുത്; ബി.ജെ.പിയെ പിന്തുണക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാക്കോബായ സഭ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സഭാ നേതൃത്വം. തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ വര്‍ക്കിംഗ് മീറ്റിംഗിന് ശേഷമായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണം. സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പളളികള്‍ നഷ്ടപ്പെടരുതെന്നും മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.
നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാന്‍ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി.സഭയുടെ പ്രശ്നം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കാണ് സഭയ്ക്ക് നീതി നല്കുവാന് സാധിക്കുകയെന്ന അന്വേഷണത്തിലാണ്. സഭയ്ക്ക് വോട്ട് ചെയ്യുകയെന്നാല്‍ സഭ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത ദിവസങ്ങളില്‍ മാനേജിംഗ് കമ്മിറ്റി ചേരുമെന്നും അതിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മാര്‍ ഗ്രിഗോറിയസ് പറഞ്ഞു. അതിനുശേഷം സഭാ വിശ്വാസികളെ നിലപാട് അറിയിക്കുമെന്നും ഗ്രിഗോറിയസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗവുമായി ആര്.എസ്.എസ് ചര്‍ച്ച നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ ആര്.എസ്.കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്.
കേരളത്തിലെ രാഷ്ട്രീയം, പള്ളി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന് കേരള വിജയയാത്രയുടെ ഭാഗമായി വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കണമെന്ന് കേരള ബി.ജെ.പിക്ക് ദേശീയ നേതൃത്വം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.