മതം മറച്ചുവച്ച് വിവാഹം, ചടങ്ങ് കഴിഞ്ഞപ്പോൾ മതംമാറാൻ നിർബന്ധിച്ചതായി പരാതി, മുസ്ലീം യുവാവ് അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ മതം മറച്ചുവച്ച യുവാവ് വിവാഹ ശേഷം ഭാര്യയെ മതം മാറാൻ നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ഗൊരഖ്പൂരിലാണ് മൈനുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധു റഹ്മാൻ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുമായി ഒരു വർഷം മുമ്പ് കണ്ടപ്പോൾ മുന്ന യാദവ് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പ്രണയത്തിലാകുകയും സന്ത് കബീർ നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുകയും ചെയ്തു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ താൻ മുസ്ലീം ആണെന്നും പേര് മൈനുദ്ദീൻ ആണെന്നും അറിയിക്കുകയും യുവതിയെ മതംമാറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാൾ മറ്റൊരു വിവാഹം ചെയ്യാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ യുവതി ശനിയാഴ്ച വിവരം 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.