ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ച് കൊലപ്പെടുത്തിയ സംഭവം
വിളിച്ചുവരുത്തി ആവശ്യം പറഞ്ഞു, കാമുകൻ വഴങ്ങാതായതോടെ കൊലപ്പെടുത്തി; അനന്തരവന്റെ ഭാര്യയ്ക്ക് പിടിവീണത് 18 മാസങ്ങൾക്ക് ശേഷം
കാഞ്ചിപുരം: ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അനന്തരവന്റെ ഭാര്യ അറസ്റ്റിൽ.പുതുക്കോട്ട കൊണ്ടയാർപട്ടി സ്വദേശി കൊഞ്ചി അടകൻ ആണ് കൊല്ലപ്പെട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അനന്തരവന്റെ ഭാര്യ ചിത്രയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.കൊഞ്ചി അടകന്റെ ഒന്നരക്കോടി വിലമതിക്കുന്ന വീട് തട്ടിയെടുക്കുന്നതിനായി പ്രണയം നടിച്ച് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിനു മുമ്പ് കൊഞ്ചി അടകനു ചിത്രയുമായി പ്രണയത്തിലായിരുന്നു.വിവാഹ ശേഷവും ബന്ധം തുടരാൻ ചിത്ര നിർബന്ധിച്ചു.സംഭവദിവസം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ചിത്ര ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. വാടക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി പണം തട്ടാൻ ആയിരുന്നു പദ്ധതി. കൊഞ്ചി അടകൻ വഴങ്ങാതായതിനെത്തുടർന്ന് കൊലപ്പെടുത്തി ഇരുമ്പു ബാരലിൽ തള്ളുകയായിരുന്നു.ഭാര്യ പഴനിയമ്മയ്ക്കും മകൾക്കുമൊപ്പം കാഞ്ചിപുരത്ത് ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. 2019 ഓഗസ്റ്റിൽ ജോലിക്ക് പോയ കൊഞ്ചി അടകൻ തിരികെ വരാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.പതിനെട്ട് മാസങ്ങൾക്ക് ശേഷമാണ് കേസിന് പിന്നിൽ ചിത്രയാണെന്ന് അന്വേഷണ സംഘത്തിന് മനസിലായത്.ചിത്രയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം കൈമാറ്റം നടത്തിയതായി പഴനിയമ്മ മനസിലാക്കിയതോടെയാണ് കേസിന്റെ ചുരളഴിഞ്ഞത്.പഴനിയമ്മ ഉടൻ കൊഞ്ചി അടകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ചിത്രയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകമറിഞ്ഞത്. കൊഞ്ചി അടകന്റെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ചിത്രയുടെ മകൻ രഞ്ജിത്ത്, വാടക ഗുണ്ടകളായ ഏലുമലൈ, വിവേകാനന്ദൻ, ടർസാൻ, സതീഷ്, സുബ്രമണി എന്നിവരാണ് അറസ്റ്റിലായത്.