ആൾമാറാട്ടം നടത്തി പെൺകുട്ടിയെ വിവാഹം കഴിച്ചു, പിന്നാലെ മതപരിവർത്തനത്തിന് ക്രൂരമർദ്ദനം; ഭർത്താവും അനുജനും പിടിയിൽ
ഗോരഖ്പൂർ: ആൾമാറാട്ടം നടത്തി പെൺകുട്ടിയെ വിവാഹം കഴിച്ചശേഷം മതം മാറണമെന്ന് ആവശ്യപ്പെട്ട് മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പൂറിലാണ് സംഭവം. മൈനുദ്ദീൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മുന്ന യാദവ് എന്ന വ്യാജ പേരിൽ പെൺകുട്ടിയെ പരിചയപ്പെട്ടു. പിന്നീട് കൂടുതൽ അടുപ്പമായതോടെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ വിവാഹശേഷം തന്റെ യഥാർത്ഥ പേരും മതവും വെളിപ്പെടുത്തിയ മൈനുദ്ദീൻ പെൺകുട്ടിയെ മതംമാറാൻ നിരന്തരം നിർബന്ധിച്ചു.പെൺകുട്ടി വിസമ്മതിച്ചതോടെ ഇയാൾ ഭാര്യയെ എപ്പോഴും മർദ്ദിക്കാൻ തുടങ്ങി. തുടർന്ന് മറ്റൊരു വിവാഹത്തിന് മൈനുദ്ദീൻ തയ്യാറെടുത്തു. ഇതറിഞ്ഞ സ്ത്രീ പൊലീസിൽ പരാതി നൽകിയതോടെയാണ് മൈനുദ്ദീൻ അറസ്റ്റിലായത്. ഇയാളെ സഹായിച്ചതിന് അനുജൻ റഹ്മാൻ അലിയെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഇരുവർക്കുമെതിരെ യുപി സർക്കാർ പുതുതായി പാസാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്തു.