തമിഴ്നാട്ടിൽ ‘വാഗ്ദാനപ്പെരുമഴ വീട്ടമ്മമാർക്ക് പ്രതിമാസം 1500രൂപ, പ്രതിവർഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുക്കളും നൽകുമെന്ന് ഇ പി എസ്
ചെന്നൈ: തമിഴ്നാട്ടിൽ ജനങ്ങൾക്ക് വാഗദ്ധാനങ്ങൾ നൽകുന്ന കാര്യത്തിലും മത്സരിച്ച് മുന്നണികൾ. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പ്രതിമാസം 1500 രൂപ നൽകുമെന്ന് എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി അറിയിച്ചു.അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ ഞായറാഴ്ച തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു റാലിയിൽ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നൽകുമെന്ന് അറിയിച്ചുകൊണ്ട് എ ഐ എ ഡി എം കെ രംഗത്തെത്തിയിരിക്കുന്നത്.തങ്ങളുടെ നിർദ്ദേശം എങ്ങനെയോ അറിഞ്ഞ്, അത് കോപ്പിയടിച്ചാണ് സ്റ്റാലിൻ ഞായറാഴ്ച അങ്ങനെയൊരു വാഗ്ദ്ധാനം നൽകിയതെന്ന് പളനിസ്വാമി ആരോപിച്ചു. എ ഐ എ ഡി എം കെ പ്രകടന പത്രിക തയ്യാറാക്കിയിട്ട് പത്ത് ദിവസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസനും വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പ്രതിവർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും എടപ്പാടി പളനി സ്വാമി പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.