മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തി കടന്ന ശ്രീലങ്കൻ മത്സ്യ ബന്ധന ബോട്ടുകൾ പിടികൂടിയ കേസിൻ്റെ അന്വേഷണം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഏറ്റെടുത്തു
തിരുവനന്തപുരം: മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തി കടന്ന ശ്രീലങ്കൻ മത്സ്യ ബന്ധന ബോട്ടുകൾ പിടികൂടിയ കേസിൻ്റെ അന്വേഷണം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഏറ്റെടുത്തു. തീരസംരക്ഷണ സേനയുടെ പിടിയിലാകുന്നതിന് മുൻപ് ആകർഷ ദുവാ എന്ന മത്സ്യബന്ധന ബോട്ടിലുള്ള ആറംഗ സംഘം കടലിൽ കളഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ 2100 കോടി വിലവരുന്ന മയക്കുമരുനാണെന്നാണ് തീരസംരക്ഷണ സേന പറയുന്നത്. ഇവർക്കൊപ്പം പിടികൂടിയ ചതു റാണി 3, ചതു റാണി 8 എന്നീ മത്സ്യബന്ധന ബോട്ടുകളെയും അതിലെ 13 തൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്ത ശേഷം ഇവർക്ക് സംഭവത്തിൽ പങ്കില്ല എന്ന് ബോധ്യമായത്തോടെ വിട്ടയച്ചു. കടൽ മാർഗം തീരസംരക്ഷണ സേനയുടെ വരാഹ എന്ന കപ്പലിന്റെ അകമ്പടിയോടെ പോകുന്ന ഇവരെ ഇന്ത്യൻ തീരസംരക്ഷണ അധികൃതർ ശ്രീലങ്കൻ കടൽ അതിർത്തിയിൽ ശ്രീലങ്കൻ അധികൃതർക്ക് കൈമാറും.
ലഹരി കടത്താൻ ഉപയോഗിച്ച ആകർഷ ദുവ ബോട്ടിനെയും അതിലെ ആറ് ആറ് ശ്രീലങ്കൻ സ്വദേശികളെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് നർകോടിക്സ് കണ്ട്രോൾ ബ്യൂറോക്ക് കൈമാറും. കഴിഞ്ഞ നവംബറിൽ തൂത്തുകുടി തീരത്തു നിന്നും തീരസംരക്ഷണ സേനാ 1000 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പിടികൂടിയ ഷെനായ ദുവ എന്ന ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുമായി ബന്ധപ്പെട്ട ശൃംഖയിലെ കണ്ണികളാണ് ഇവരെന്ന് നർകോടിക്സ് കണ്ട്രോൾ ബ്യൂറോക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയയുടെ പ്രധാന ട്രാൻസിറ്റ് പോയിന്റുകളായ ശ്രീലങ്കയും മാലിദ്വീപും വഴിയാണ് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നതെന്ന് അടുത്തിടെ നർകോടിക്സ് കണ്ട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ശ്രീലങ്ക, മാലിദ്വീപ്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്ന ഈ ലഹരി മാഫിയ കടൽ മാർഗമാണ് ലഹരി മരുന്ന് കൈമാറ്റം നടത്തുന്നത്. ഉൾക്കടലിൽ പാകിസ്ഥാൻ, ഇറാൻ ബോട്ടുകളിൽ നിന്ന് ലഹരി കൈമാറ്റം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ശ്രീലങ്കൻ പൗരൻമാരെ കുറിച്ചുള്ള വിവരങ്ങൾ തൂത്തുകുടി മയക്ക് മരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ശ്രീലങ്കൻ സ്വദേശികളിൽ നിന്ന് നർകോടിക്സ് കണ്ട്രോൾ ബ്യൂറോ അധികൃതർക്ക് ലഭിച്ചിരുന്നു.
വടക്ക് പടിഞ്ഞാറൻ മേഖലയിലെ രാജ്യ അതിർത്തികളിൽ അതിർത്തി സംരക്ഷണ സേനകൾ കൂടുതൽ ജാഗരൂകരായതോടെ പരമ്പരാഗത അഫ്ഗാൻ പാകിസ്താൻ ഹെറോയിൻ കടത്ത് പാതയിലൂടെയുള്ള നീക്കങ്ങൾ ലഹരി മാഫിയക്ക് ദുഷ്കരമായതോടെയാണ് കടൽ മാർഗം ഇവർ തിരഞ്ഞെടുത്തത്. പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ കൊണ്ട് വരുന്ന ലഹരി മരുന്ന് നമ്മുടെ രാജ്യത്തിന്റെ അധീനതയിലുള്ള കടലിലോ അതിനോട് ചേർന്നോ ആണ് പലപ്പോഴും ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകളിലേക്ക് കൈമാറ്റം ചെയ്യാറുള്ളത് എന്ന് നർകോടിസ് കണ്ട്രോൾ ബ്യൂറോ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ ആണെന്നും ശക്തമായ നിരീക്ഷണം നടത്തുന്നതിനാലാണ് ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിയുന്നതെന്നും തീരദേശ സേന അധികൃതർ പറഞ്ഞു.
വിഴിഞ്ഞം പുതിയ വർഫിൽ അടുപിച്ചിരിക്കുന്ന ആകർഷ ദുവായുടെ കാവൽ വിഴിഞ്ഞം പൊലീസിനാണ്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോട്ട് നങ്കൂരമിട്ടിരിക്കുന്ന വിഴിഞ്ഞം പുതിയ വർഫിലേക്ക് പുറത്തു നിന്നുള്ള സന്ദർശകർകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ അധികൃതർ തുറമുഖ കവാടം അടച്ച് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.