പാർട്ടി കണ്ണുരുട്ടിയപ്പോൾ പിജെ ആർമി പിണറായിയെ ‘ക്യാപ്റ്റ നാക്കി ; ജയരാജന് വേണ്ടി ഗ്രൂപ്പ് കളിച്ച സൈബർടീം പ്രൊഫൈൽ മാറ്റി
കണ്ണൂർ: സി.പി.എം. സ്ഥാനാർഥിപ്പട്ടികയിൽനിന്ന് പി. ജയരാജനെ ഒഴിവാക്കിയതിനെതിരേ കഴിഞ്ഞ ദിവസം മുഴുവൻ പ്രതിഷേധം പുകഞ്ഞ പി.ജെ. ആർമി സൈബർ പേജിൽ രാത്രി വെളുത്തപ്പോൾ മുഖചിത്രം പിണറായി വിജയന്റേതായി മാറി. ഫെയ്സ്ബുക്ക് പേജിന്റെ പ്രൊഫൈൽ പേജിൽ പി. ജയരാജനുപകരം ക്യാപ്റ്റൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രമാണ് പുതിയ പ്രൊഫൈൽ ചിത്രമായി ചേർത്തിരിക്കുന്നത്.
പാർട്ടിക്കെതിരേ കഴിഞ്ഞ ദിവസം വിമർശനമുയർന്നപ്പോൾ പേജുമായി തനിക്ക് ബന്ധമില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കിയിരുന്നു. പി.ജെ. ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളി പ്രചരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ജയരാജൻ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാൻ പേജിലെ പ്രൊഫൈൽ ചിത്രം മാറിയത്. പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ അമർഷം മൂലം പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പി.ജെ. ആർമി ഗ്രൂപ്പിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു.
പതിനായിരക്കണക്കിന് അംഗങ്ങളുള്ള പി.ജെ. ആർമി ഫെയ്സ്ബു ക്ക് പേജ് പാർട്ടി വിരുദ്ധ ഗ്രൂപ്പായി മാറിയ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം രാത്രി വെകും വരെ. “പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരും, അവിടെ മുതൽ പിജെക്കാലം തുടങ്ങും” എന്ന പ്രവചനവും ഗ്രൂപ്പിലുണ്ടായിരുന്നു.