മുക്കുഴി- എണ്ണപ്പാറ റോഡിന്റെ ശോചനീയാവസ്ഥ: ജനകീയ ഉപരോധം 22 ന്
തായന്നൂർ: മലയോരത്തെ പ്രധാന റോഡായ ഏഴാംമൈൽ – എണ്ണപ്പാറ ജില്ലാ പഞ്ചായത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽ നടയാത്ര പോലും ദുസഹമായ സാഹചര്യത്തിൽ നാട്ടുകാരെ ഉൾപ്പെടുത്തി ജനകീയ പ്രക്ഷോഭം നടത്താൻ എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സമര പ്രഖ്യാപനത്തിൽ തീരുമാനിച്ചു.
പത്തു വർഷത്തോളമായി റീ ടാറിംഗ് പോലും നടത്താത്ത റോഡാണിത്.ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.ഇതിനിടെ എണ്ണപ്പാറ പള്ളി വികാരിയുടെ നേതൃത്വത്തിൽ ജനകീയ റോഡ് വികസന സമിതി രൂപീകരിച്ച് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ പേച്ച് വർക്കിന് അനുവദിച്ചു ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ആറ് മാസം കഴിഞ്ഞെങ്കിലും ഇതുവരെ പണി തുടങ്ങാത്തതിനെ തുടർന്നാണ് നാട്ടുകാർ സമരത്തിനിറങ്ങുന്നത്.
മാർച്ച് 21 പണി തുടങ്ങിയില്ലെങ്കിൽ മാർച്ച് 22 ന് റോഡ് ഉപരോധസമരം നടത്തുവാനും ജനപ്രതിനിധികളുടെ വാഹനങ്ങൾ 22 മുതൽ തടയാനുമാണ് സമരസമിതിയുടെ തീരുമാനം.
യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് R.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ രമേശൻ മലയാറ്റുകര സമര പ്രഖ്യാപനം നടത്തി.സി.എം.കൃഷ്ണൻ, സി.സതീശൻ, സി.എം ആനന്ദൻ, വാവച്ചൻ മുക്കുഴി,പ്രിയേഷ് കുമാർ, സുരേഷ് കുമാർ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.M S മനോജ് സ്വാഗതവും ജിജോ പകലോമറ്റം നന്ദിയും പറഞ്ഞു